ഗ്രേറ്റർ നോയിഡ: ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഇന്ത്യ കൈവരിക്കുന്ന സാമ്പത്തിക വളർച്ചയെയും ജിഡിപി കണക്കുകളെയും സംശയത്തോടെ കാണുന്ന വിമർശകർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശ് ഇന്റർനാഷണൽ ട്രേഡ് ഷോ 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിർജീവമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ മനോഭാവമാണ് ചത്തുപോയതെന്നും, അങ്ങനെയുള്ളവർക്ക് രാജ്യത്തിന്റെ പുരോഗതിയും ഊർജസ്വലതയും കാണാൻ കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു. മൂഡീസ് ഇന്ത്യയുടെ വളർച്ചാ നിരക്ക് ആറിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തിയതും, ജാപ്പനീസ് റേറ്റിംഗ് ഏജൻസിയായ ജെസിആർ ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് എ ആയി ഉയർത്തിയതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ച നിരക്ക് നിലനിർത്തിയെന്നും, 2047 ഓടെ ഇന്ത്യ എല്ലാ മേഖലകളിലും ലോകത്ത് ഒന്നാമതെത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.